പത്തനംതിട്ട: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയിൽ തുടരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യുഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
പദ്ധതിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും വിഷയത്തിൽ ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
അതേസമയം, പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് ആലോചനയെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് യോഗത്തിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഗൗരവമായ ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തിൽ മന്ത്രിമാരുടെ ഉപസമിതിയെ യുഡിഎഫ് നിയോഗിച്ചിട്ടുണ്ടെന്നും സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് വരുന്നതിന് മുമ്പ് പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ എങ്ങനെ പ്രഖ്യാപിച്ചുവെന്നതിലാണ് ലീഗിന് എതിർപ്പുള്ളതെന്നും നേതാക്കൾ വ്യക്തമാക്കി.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് പി.കെ കുഞ്ഞാലിക്കുട്ടി പരസ്യമായി ഉന്നയിച്ചതെന്നാണ് ലീഗ് വിശദീകരണം.












