മലപ്പുറം: മേഘാലയയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ പൂർണമായി പൂർത്തിയായ ശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും അതുവരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് അഭ്യർഥിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് യാത്രയ്ക്കിടെ കാണാതായതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണെന്ന് കണ്ടെത്തിയത്. വനമേഖലയോട് ചേർന്ന പ്രദേശത്തുനിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ യാത്രാ വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടിയ ദിൽഷാദ് വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പതിവായി നടത്താറുണ്ട്. യാത്രയുടെ ഭാഗമായാണ് കഴിഞ്ഞ ജൂൺ ആറിന് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്നും തുടർന്ന് ദിവസങ്ങളോളം വിവരമൊന്നും ലഭിക്കാതിരുന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചതും അന്വേഷണം ആരംഭിച്ചതും.













