ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇഷ്ടികച്ചൂളയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ദീപക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദർ ഇന്ന് പുലർച്ചെ ചികിത്സയ്ക്കിടെ മരിച്ചു.
കുൽഗാമിലെ കെല്ലം മേഖലയിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ ഭീകരർ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ഭൂപീന്ദറെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് അനന്ത്നാഗ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവച്ച് മരിച്ച ദീപക്കിന്റെ മൃതദേഹം തുടർനടപടികൾക്കായി മാറ്റി.
സംഭവത്തെ തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് വ്യാപക തെരച്ചിൽ ആരംഭിച്ചു. അനന്ത്നാഗിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പത്ത് ദിവസത്തിനകമാണ് കുൽഗാമിലെ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.




