മലപ്പുറം: മദ്യപിച്ചെത്തിയ മകൻ പാത്രം കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലപ്പുറം തിരൂരിനടുത്ത് സൗത്ത് അന്നാര ചിറ്റിപ്പാടം കോടേരിമന റോഡിലെ കുഴിപ്പയിൽ വേലായുധൻ (64) ആണ് മകൻ ഉണ്ണികൃഷ്ണന്റെ (34) മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ ഉണ്ണികൃഷ്ണനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കുശേഷം മദ്യപിച്ച് വീട്ടിലെത്തിയ ഉണ്ണികൃഷ്ണനെ വേലായുധൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിനിടെ പ്രകോപിതനായ ഉണ്ണികൃഷ്ണൻ വീട്ടിലുണ്ടായിരുന്ന ചോറുവിളമ്പുന്ന തവികൊണ്ട് വേലായുധന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്തുവീണ വേലായുധന്റെ തലയിൽനിന്ന് രക്തം വാർന്നതോടെ ഉണ്ണികൃഷ്ണൻ തന്നെയാണ് അദ്ദേഹത്തെ തിരൂർ ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രിയോടെ വേലായുധൻ മരണപ്പെടുകയായിരുന്നു.
തുടർന്ന് തിരൂർ പൊലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു. വേലായുധന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പരേതയായ രാധയാണ് വേലായുധന്റെ ഭാര്യ. ജിതേഷ്, ജീന എന്നിവർ മറ്റ് മക്കളാണ്.




