കൊച്ചി: അഭിമന്യു കൊലക്കേസിലെ 16 പ്രതികളും കോടതിയിൽ ഹാജരായി. രണ്ട് തവണ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടും പ്രതികൾ ഹാജരായിരുന്നില്ല. കടുത്ത നടപടി സ്വീകരിക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ കോടതിയിലെത്തിയത്.
പുതുതായി ചുമത്തിയ കുറ്റങ്ങൾ പ്രതികൾക്ക് കോടതി വായിച്ചുകേൾപ്പിച്ചു. എന്നാൽ കുറ്റങ്ങൾ നിഷേധിച്ച പ്രതികൾ വിചാരണ നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ ഈ മാസം 17ന് ആരംഭിക്കാനും കോടതി തീരുമാനിച്ചു.
2018 ജൂലൈ 2നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മഹാരാജാസ് കോളേജിലെ വിദ്യാർഥിയായ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിൽ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ.
കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽനിന്ന് കാണാതായത് നേരത്തെ വലിയ വിവാദമായിരുന്നു. പിന്നീട് രേഖകൾ പുനഃസൃഷ്ടിച്ച ശേഷമാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഒൻപത് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.












