കൊച്ചി: വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എക്‌സാലോജിക് എംഡി വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്ക്ക് ഉടൻ സമൻസ് അയച്ചേക്കും. സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഫെമ നിയമപ്രകാരം വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മെയ് 27ന് തിരുവനന്തപുരത്തെ വീണയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. 85 ലക്ഷം രൂപ വീണ ദുബായിലേക്ക് കൈമാറിയതായും ഡയറിയിൽ 20 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങളുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. വിദേശ പണമിടപാടുകളിൽ ദുരൂഹതയുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം.
പണം ആർക്കുവേണ്ടിയാണ് കൈമാറിയതെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് ഇഡിയുടെ തീരുമാനം. പരിശോധനയ്ക്കിടെ വീണ ഉപയോഗിച്ചിരുന്നതായി കരുതുന്ന മറ്റൊരാളുടെ പേരിലുള്ള സിം കാർഡിന്റെ ചിത്രവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിവൈഎഫ്ഐ നേതാവുമായ നന്ദുലാലാണ് സിം എടുത്തുനൽകിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
2024 മുതൽ ഇന്റർനെറ്റ് കോളുകൾക്കായി വീണ ഈ സിം ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുഹമ്മദ് റിയാസിന്റെയും വീണയുടെയും ആവശ്യപ്രകാരമാണ് സിം എടുത്തുനൽകിയതെന്നും സിം ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയതായാണ് വിവരം.
ഇതിനിടെ, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2021ലെ റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ പരസ്യ കമ്പനിയായ സൊലസിന് പണം കൈമാറിയിരുന്നു. സിഎംആർഎലിൽ നിന്ന് ലഭിച്ച പണമാണോ സൊലസിന് കൈമാറിയതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം.



