കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രളയ രക്ഷാപ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വാഹനത്തിലെ നിയമലംഘനങ്ങളുടെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അനധികൃത ലൈറ്റുകൾക്ക് 5,000 രൂപയും പിയുസി സംബന്ധമായ ലംഘനത്തിന് 2,000 രൂപയുമാണ് പിഴ ചുമത്തിയത്. എന്നാൽ ആറ് അനധികൃത ലൈറ്റുകൾക്ക് ആകെ 5,000 രൂപ മാത്രം പിഴ ഈടാക്കിയതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ടെങ്കിൽ, അത് പിഴത്തുക കുറവായതിനാലാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കോടതി വിശദീകരണം തേടി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടായാൽ ഓരോന്നിനും പ്രത്യേകം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.
അനുവദനീയമായ എണ്ണത്തിൽ കൂടുതലായി വാഹനങ്ങളിൽ ലൈറ്റുകൾ ഘടിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. വീതിയേറിയ ടയറുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും കളർ ലൈറ്റുകളും അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടസാധ്യത വർധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു.
അമിത ശബ്ദവും തീപ്പൊരിയും ഉണ്ടാക്കുന്ന പുകക്കുഴലുകളും അപകട സാധ്യത സൃഷ്ടിക്കുന്നതിനാൽ അവയും കർശനമായി നിയന്ത്രിക്കണം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ തരത്തിലുള്ള അനധികൃത വാഹന മോഡിഫിക്കേഷനുകൾക്കെതിരെയും പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.




