സുല്ത്താന് ബത്തേരി: വയനാട് വടക്കനാട് പള്ളിവയൽ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. വയോധികയെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകൾ പരിശോധിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ ഇവരുടെ കൊച്ചുമകൻ സുധീഷിനെ കാണാതാകുകയും പിന്നീട് സമീപത്തെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്.
ജൂലൈ 30നാണ് തങ്കി മൊരത്തിയെ ഊരിൽനിന്ന് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഊരിലും സമീപത്തെ വനമേഖലകളിലും നിരവധി തവണ തെരച്ചിൽ നടത്തിയെങ്കിലും വയോധികയെ കണ്ടെത്താനായില്ല.
അന്വേഷണത്തിനിടെ തങ്കി മൊരത്തിയുടെ മകളുടെ മകൻ സുധീഷ് എന്ന മുരളിയെയും കാണാതായി. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് സുധീഷിനെ സമീപത്തെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയായിരുന്നു സുധീഷിന്റെ ആത്മഹത്യയെന്നാണ് വിവരം. ഇതോടെ തങ്കി മൊരത്തിയുടെ തിരോധാനത്തിനൊപ്പം സുധീഷിന്റെ മരണത്തിലും ദുരൂഹത ഉയർന്നിട്ടുണ്ട്.
പൊലീസ് നായ, ഫോറൻസിക് സംഘം, ഡ്രോൺ എന്നിവയുടെ സഹായത്തോടെയും നേരിട്ടും പരിശോധന നടത്തിയെങ്കിലും തങ്കി മൊരത്തിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വയോധികയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വടക്കനാട്–പള്ളിവയൽ പ്രദേശം വിട്ട് സാധാരണയായി പുറത്തുപോകാത്തയാളാണ് തങ്കി മൊരത്തിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മാസത്തോളം പിന്നിട്ടിട്ടും അന്വേഷണത്തിൽ വ്യക്തതയില്ലാത്തത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കി തങ്കി മൊരത്തിയുടെ തിരോധാനത്തിനും സുധീഷിന്റെ മരണത്തിനും പിന്നിലെ ദുരൂഹത നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




