വാഷിങ്‌ടൺ: വിദേശ തൊഴിലാളികൾക്ക് എച്ച്-1ബി വിസ നൽകുന്നതിനുള്ള അധിക ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൊഴിലുടമകളിൽനിന്ന് ഈടാക്കുന്ന ഒരു ലക്ഷം ഡോളർ, അതായത് ഏകദേശം 83 ലക്ഷം രൂപയുടെ ഫീസാണ് നീട്ടിയത്. എച്ച്-1ബി വിസ അപേക്ഷകളുടെ പരിശോധനയും നിരീക്ഷണവും കർശനമാക്കുന്ന പുതിയ പ്രസിഡൻഷ്യൽ ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.
വൻകിട ഐ.ടി. ഔട്ട്‌സോഴ്‌സിങ് കമ്പനികൾ വിദേശ തൊഴിലാളികളെ അമേരിക്കയിലെത്തിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2025ലാണ് ഒരു ലക്ഷം ഡോളറിന്റെ അധിക ഫീസ് ഏർപ്പെടുത്തിയത്. ഉയർന്ന ഫീസ് നടപ്പാക്കിയതോടെ വൻകിട ഐ.ടി. കമ്പനികളുടെ എച്ച്-1ബി രജിസ്ട്രേഷനിൽ 92 ശതമാനം കുറവുണ്ടായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. അമേരിക്കൻ തൊഴിലാളികളുടെയും ബിരുദധാരികളുടെയും തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനും യഥാർഥ വിദഗ്ധരെ മാത്രം നിയമിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഫീസ് വർധന ചോദ്യം ചെയ്തുള്ള ഹർജികൾ നിലവിൽ രണ്ട് യു.എസ്. ഫെഡറൽ കോടതികളുടെ പരിഗണനയിലാണ്. അതിനിടെയാണ് അധിക ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം.
യു.എസ്. സർവകലാശാലകളിൽനിന്ന് പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്കും നിലവിലുള്ള എച്ച്-1ബി വിസ പുതുക്കുന്നവർക്കും അധിക ഫീസ് ബാധകമാകില്ല.
മുൻകാലങ്ങളിൽ സമർപ്പിച്ച ലേബർ കണ്ടീഷൻ അപേക്ഷകൾ പരിശോധിച്ച് നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റിന് 30 ദിവസത്തെ സമയവും ഉത്തരവിൽ അനുവദിച്ചിട്ടുണ്ട്.
അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം പകരം എച്ച്-1ബി വിസക്കാരെ നിയമിക്കുന്ന കമ്പനികളുടെ അപേക്ഷകൾ വിദേശകാര്യ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുകൾ സംയുക്തമായി കർശനമായി പരിശോധിക്കും.
പുതിയ തീരുമാനം ഐ.ടി. മേഖലയിലെ പ്രമുഖ ഇന്ത്യൻ കമ്പനികളെയും എച്ച്-1ബി വിസയെ ആശ്രയിക്കുന്ന വിദഗ്ധരെയും കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.




