തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ വിപിന്റെ കൈവശത്തുനിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിലാണ് വിപിൻ യാത്ര ചെയ്തിരുന്നത്.
അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ ഇന്നലെ രാത്രി 8.40ഓടെ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസവും സമാന പരിശോധനയിൽ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, അഭിലാഷ്, അഖിൽ, വനിത, സബിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.












