ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫാർമസിസ്റ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. സംഭവത്തിൽ ഫാർമസിസ്റ്റിനെതിരെ നടപടി ഉണ്ടാകും.
കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഓയിൻമെന്റ് നൽകിയത്. കുഞ്ഞിന് നൽകുന്നതിന് മുമ്പ് മരുന്നിന്റെ കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നാണ് കുടുംബം പറയുന്നത്.
കുഞ്ഞിന് നൽകിയ ഓയിൻമെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. എന്നാൽ പുതിയ സ്റ്റോക്ക് മാറ്റിവെച്ചിരുന്നിട്ടും പഴയ സ്റ്റോക്കിൽ നിന്നാണ് മരുന്ന് നൽകിയത്. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലും പഴയ സ്റ്റോക്ക് വെള്ള നിറത്തിലുള്ള കവറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഫാർമസിസ്റ്റ് വെള്ള നിറത്തിലുള്ള കവറിലെ പഴയ സ്റ്റോക്കാണ് നൽകിയത്.
2024 ജൂണിൽ നിർമ്മിച്ച, രണ്ട് വർഷം കാലാവധിയുണ്ടായിരുന്ന ഓയിൻമെന്റാണ് കുഞ്ഞിന് നൽകിയത്. വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയതെന്ന് കുടുംബം മനസിലാക്കിയത്.
തുടർന്ന് കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് സമർപ്പിക്കാൻ സൂപ്രണ്ട് നിർദേശിച്ചു. സംഭവത്തിൽ ഡെപ്യൂട്ടി ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെതിരെ തുടർനടപടി സ്വീകരിക്കും.




