ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു. ‘വെട്രി പയനം’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ വിപുലീകരിച്ച സംവിധാനം മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചെന്നൈ കോയമ്പേട് ബസ് ടെർമിനലിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.
പദ്ധതിയുടെ വിപുലീകരണത്തോടെ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ജില്ലകൾക്കിടയിലെ ഓർഡിനറി ബസുകളും 40 കിലോമീറ്ററിലധികം ദൂരമുള്ള മലമേഖലാ റൂട്ടുകളിലെ ഓർഡിനറി ബസുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതിയുടെ വിപുലീകരണം. ഉദ്ഘാടനച്ചടങ്ങിൽ വിജയ് വനിതാ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റുകൾ കൈമാറി.
സംസ്ഥാനത്തെ ഏഴ് സർക്കാർ ഗതാഗത കോർപറേഷനുകളുടെ കീഴിലുള്ള 12,692 ബസുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ഏകദേശം 84.32 ലക്ഷം വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. വരുമാനപരിധിയില്ലാതെ സ്ത്രീകൾക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാം.
ജോലി, വിദ്യാഭ്യാസം, ആശുപത്രി ഉൾപ്പെടെയുള്ള ആവശ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുകയും സ്ത്രീകളുടെ സാമ്പത്തികഭാരം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.




