തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്‌ലിം ലീഗിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് തുടർനടപടികൾ തൽക്കാലം നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന.
നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിച്ച് പുതിയ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമായ സാഹചര്യം ഉണ്ടായാൽ മാത്രം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമിതി ചേരുന്നതടക്കമുള്ള നടപടികളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്‌ലിം ലീഗിലും വലിയ രാഷ്ട്രീയ അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്. എംഎസ്എഫ് മുതൽ പാർട്ടി നേതൃത്വതലം വരെ പദ്ധതിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലപാടിലെ ആശയക്കുഴപ്പം മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന വിലയിരുത്തലും ലീഗിനുള്ളിലുണ്ട്.
ആദ്യഘട്ടത്തിൽ വിഷയത്തിൽ മൗനം പാലിച്ച വിദ്യാഭ്യാസ മന്ത്രി പിന്നീട് പദ്ധതിയിൽ തൽക്കാലം തീരുമാനങ്ങളൊന്നും വേണ്ടെന്ന നിലപാടിലേക്ക് എത്തിയതായാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടി പ്രതിക്കൂട്ടിലാകുന്ന സാഹചര്യം ലീഗിനുള്ളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പത്തനംതിട്ടയിലെ പ്രളയത്തെ തുടർന്ന് നേരത്തെ മാറ്റിവെച്ച മന്ത്രിസഭാ ഉപസമിതി യോഗം പിന്നീട് നടന്നിട്ടില്ല. രണ്ട് മാസം പിന്നിട്ടിട്ടും യോഗം ചേരുന്നതിൽ തീരുമാനമായിട്ടില്ല. നിലവിൽ ഉപസമിതിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ച നിലയിലാണ്.
പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിൽനിന്ന് രണ്ട് തവണ കത്ത് ലഭിച്ചിട്ടും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തുടർനടപടികളിലേക്ക് കടന്നിട്ടില്ല. കരിക്കുലത്തിൽ മാറ്റം വരുത്തില്ലെന്നും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകൾ സംസ്ഥാനം തന്നെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ നിബന്ധനകളോടെ പോലും പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. യൂത്ത് ലീഗും എംഎസ്എഫും ഉൾപ്പെടെയുള്ള സംഘടനകൾ പദ്ധതിക്കെതിരെ സമരത്തിന് ഇറങ്ങുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രിസഭാ ഉപസമിതി അംഗമായ മന്ത്രി എം. ലിജുവും പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ കൂടുതൽ ജാഗ്രതയോടെ നീങ്ങുന്നത്.




