ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമാണ് കേസുകൾ. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതികളായി ചേർത്തിട്ടില്ല. എന്നാൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരോട് പുരുഷ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന ആരോപണവുമായി സിജെപിയും ഐസയും രംഗത്തെത്തി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തുമെന്നും സംഘടനകൾ അറിയിച്ചു.
ഇന്നലെ ഐസ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പുരുഷ പൊലീസ് ഉദ്യോഗസ്ഥർ വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതെന്നാണ് ആരോപണം. ഇതിനെതിരെ ഐസ പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും രംഗത്തെത്തി. എസിപി വിവേക് ഭഗത്തിനെതിരെയാണ് ആരോപണം ഉയർന്നത്.
പരാതിയുമായി മാധ്യമപ്രവർത്തകയും മറ്റ് പ്രവർത്തകരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. തുടർന്ന് സിജെപി നേതാക്കൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കേസെടുത്തില്ലെങ്കിൽ വീണ്ടും സ്റ്റേഷനിലെത്തി പ്രതിഷേധിക്കുമെന്ന് സിജെപി നേതാക്കളും വനിതാ പ്രവർത്തകരും ഡൽഹി പൊലീസിനെ അറിയിച്ചു. അതേസമയം, ലഭിച്ച പരാതി കമല നഗറിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ പരിശോധിച്ചുവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.




