കൊച്ചി: മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം തോപ്പുംപടി മുണ്ടംവേലി കോളനി പാലംപള്ളിപ്പറമ്പിൽ വീട്ടിൽ ജോഷി (36)യെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2020 നവംബർ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോപ്പുംപടി മുണ്ടംവേലിയിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തോപ്പുംപടി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന അനൂപ് എൻ.എയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യമുന ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഷൈൻ, ജോമോൻ എം.എം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.




