ഡൽഹി : ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിപിഎസ് ആർകെ പുരം,പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ എന്നിവയുൾപ്പെടെ 40 സ്കൂളുകൾക്കാണ് ഭീഷണി നേരിട്ടിരിക്കുന്നത്. സ്കൂളിന്റെ വിവിധഭാഗങ്ങളിലായി ബോംബുകൾ വെച്ചിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു .
ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളിലെത്തി തിരച്ചിൽ നടത്തി വരികയാണ്. സ്കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ് അടക്കം പരിശോധിക്കുകയാണ് പൊലീസ്.
ഇതിന് മുൻപ് സമാനമായ സംഭവങ്ങൾ ഡൽഹിയിൽ ഉണ്ടായിരുന്നു. രണ്ട് മാസം മുൻപ് ഡൽഹിയിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് പുറത്ത് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ സ്കൂളിന്റെ മതിലിനും സമീപത്ത് ഉണ്ടായിരുന്ന കടകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.




