കൊച്ചി: അരൂരിൽ ദേശീയപാതയിൽ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ (49), ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് സംഭവം.
അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് ഭാഗത്ത് വാഹനം നിയന്ത്രണം വിട്ട് നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ചുകയറിയതായാണ് വിവരം. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ അരൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിഥിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്ന നിഥിൻ, എറണാകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യപ്രശ്നവും അപകടവും ഉണ്ടായത്. നിലവിൽ ചേർത്തലയിലായിരുന്നു താമസം. ഭാര്യ റോസ് നിഥിൻ, മകൾ റിയ, അമ്മ ശ്രീദേവി എന്നിവരാണ് കുടുംബാംഗങ്ങൾ.
അരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






