കാര്യങ്ങൾ വോട്ടെണ്ണലിനോട് കൂടുതൽ അടുക്കുമ്പോൾ പോർമുഖങ്ങൾക്കും പുതിയ രൂപവും ഭാവവും കൈവരുന്ന കാഴ്ച്ചയാണ് മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസിലെ തമ്മിലടികളെന്നത് കേരള രാഷ്ട്രീയത്തിൽ അത്ര പുതുമയൊന്നുമില്ലാത്ത വിഷയം തന്നെയാണ്. പല കാലങ്ങളിലായി അതിന്റെ പല വേർഷനുകൾ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇത്തവണ സകല മാമൂലുകളും തകർത്തെറിയുന്ന സാഹചര്യമാണ് കോൺഗ്രസിനകത്തുള്ളത്.
ഇതുവരെ കണ്ടതൊന്നുമല്ല, കോൺഗ്രസിലെ അധികാര വടംവലി മുമ്പെങ്ങുമില്ലാത്ത തരം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് പദവിക്കായുള്ള നേതാക്കളുടെ പോര് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും കമന്റുകളിൽ നിന്നും ഒരു പടികൂടി കടന്ന് തങ്ങളുടെ പ്രതിച്ഛായ കൂട്ടാനുള്ള പബ്ലിസിറ്റി സ്റ്റണ്ടായി മാറിയിരിക്കുകയാണ്. സൈബർ ലോകത്ത് വീഡിയോയും ഡോക്യുമെന്ററികളും പുസ്തകങ്ങളുമൊക്കെയായി കോൺഗ്രസ് നേതാക്കൾ നിറയുകയാണ്. മുഖ്യമന്ത്രി കസേരയ്ക്ക് വടംവലി നടത്തുന്ന നേതാക്കളിൽ ആരും ഇക്കാര്യത്തിൽ മോശക്കാരല്ല.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിയമസഭ, രാജ്യസഭ, ലോകസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാര പുസ്തകം ഇറങ്ങിയതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വാഴ്ത്തിയുള്ള ജനനായകൻ വീഡിയോയുമായി അനുയായികൾ രംഗത്തെത്തി. കെഎസ്‍യുകാലം മുതലുള്ള ചെന്നിത്തലയുടെ ജീവിതം പറയുന്ന എഐ നിർമിത വീഡിയോയാണ് പുറത്തിറക്കിയത്. ചെന്നിത്തലയുടെ ഹിന്ദി, ഇംഗ്ലീഷ് പ്രസംഗങ്ങൾ എല്ലാം ഉൾപ്പെടുത്തി, യഥാർഥ ജനനായകനെന്ന് പറയുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. 2005ലെ കോൺഗ്രസ് പിളർപ്പിൽ പാർട്ടിയുടെ രക്ഷകനായത് ചെന്നിത്തലയാണെന്ന് വിഡിയോയിൽ ഓർമിപ്പിക്കുന്നു. ഒപ്പം കേരള യാത്ര എന്ന പേരിൽ ഒരു പോഡ്കാസ്റ്റും ഇറക്കുന്നുണ്ട്. പോഡ്കാസ്റ്റിനായി പുതിയ യൂട്യൂബ് ചാനൽ തുടങ്ങി. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല, മറിച്ച് ഭാവി കേരളത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് പോഡ്കാസ്റ്റെന്ന് ചെന്നിത്തല പറയുന്നു. നാല് പതിറ്റാണ്ടത്തെ തന്റെ പൊതുപ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളാണത്രേ പോഡ്കാസ്റ്റിൽ. എന്തായാലും കൃത്യ സമയത്ത് തന്നെ ഭാവി കേരളത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചെന്നിത്തലയ്ക്ക് ബുദ്ധി തോന്നിപ്പിച്ചു കൊടുത്തത് ആരാണോ ആവോ.
ചെന്നിത്തല കേരളത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുമ്പോൾ എങ്ങനെ കെസി വേണുഗോപാലിന് വെറുതെയിരിക്കാനാവും. ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന പേരിൽ ഒരു പുസ്തകം തന്നെ കെസി ഇറക്കുകയാണ്. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലൊന്നും ഒതുങ്ങുന്നില്ല, കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്റിറി ഷൂട്ടിങ് അവസാനഘട്ടത്തിലാണെന്നാണ് വിവരം. ഒപ്പം കെസിയെ വാഴ്ത്തുന്ന ഒരു തകർപ്പൻ പാട്ടും ഇറങ്ങിക്കഴിഞ്ഞു.
ഇങ്ങനെ വന്നവരും പോയവും നിന്നവരുമെല്ലാം ഇമേജ് കൂട്ടാൻ സകല അടവുകളും പുറത്തെടുക്കുമ്പോൾ രണ്ടാഴ്ച്ച മുമ്പ് വരെ മുഖ്യമന്ത്രി കസേര പോരിൽ മുമ്പിലുണ്ടായിരുന്ന വിഡി സതീശനും എന്തെങ്കിലും ചെയ്തല്ലേ പറ്റൂ. തൽക്കാലും പാട്ടും പുസ്തകവും ഇറക്കാൻ സമയം കിട്ടിയില്ല, പകരം ‘അടുത്ത മുഖ്യമന്ത്രി വി ഡി’ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജുകൾ ഇതിനോടകം സജീവമായി. വി.ഡി. സതീശന്റെ നിയമസഭയിലെയും പുറത്തെയും മികച്ച പ്രസംഗങ്ങൾ ക്രോഡീകരിച്ചുള്ള പുസ്തകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പക്ഷേ ഇതുകൊണ്ട് മാത്രം കാര്യമില്ല, ഒരു പാട്ട് കൂടി പിന്നാലെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇതെല്ലാം ഒരു വശത്ത് അരങ്ങേറുമ്പോൾ താഴെയുള്ള നേതാക്കൾക്ക് പിന്നെ കൈ വിറയ്ക്കാതിരിക്കുമോ. മിണ്ടരുതെന്ന് ഹൈക്കമാൻഡ് എത്രയൊക്കെ കർശന നിർദേശം കൊടുത്താലും തങ്ങളുടെ സ്വന്തം നേതാക്കൾ ഇങ്ങനെ കടിപിടി കൂടുമ്പോൾ അനങ്ങാതിരിക്കാൻ ഇവർക്കുമാകിക്ല. പിന്നാലെ വന്നു നേതാവ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കോൺഗ്രസ് ഗ്രൂപ്പുകളിലും എതിർപാളയത്തിലും വലിയ ചർച്ചയായിട്ടുണ്ട്. ‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’ എന്ന തലക്കെട്ടോടെലാണ് പോസ്റ്റിട്ടത്. വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവാകണം. സമരമുഖങ്ങളിൽ ജയിലിൽ കിടന്നവനും ജലപീരങ്കിയെ നേരിട്ടവനുമാകണം. അണികളെ മാന്യമായി പരിഗണിക്കുന്നവനും നിലപാടുകളിൽ സ്ഥിരതയുള്ളവനുമാകണമെന്നുമെല്ലാം പറയുന്ന പോസ്റ്റിൽ, ഈ ഡിമാൻഡുകളെല്ലാം വെച്ച് കൂട്ടത്തിൽ യോഗ്യൻ രാഹുൽ മാങ്കൂട്ടത്തിലാണ് എന്ന തരത്തിലാണ് താഴെ വരുന്ന കമന്റുകളേറേയും. കെസി വേണുഗോപാലിന്റെ ഇഷ്ടക്കാരനാണ് അജയ് തറയിൽ. ഇതേ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് എംഎൽഎ സി ആർ മഹേഷ് വീട്ടിലെത്തി കണ്ടതും കോൺഗ്രസിലെ അധികാരയുദ്ധത്തിന്റെ ഭാഗമാണ്.
അധികാര പദവിക്കായുള്ള നേതാക്കളുടെ ഈ പ്രാഞ്ചിയേട്ടൻ കളി ലീഗിനും കേന്ദ്ര നേതൃത്വത്തിനും എന്തിന്, സാധാരണ പ്രവർത്തകർക്ക് പോലും കല്ലുകടിയായി തുടങ്ങിയിട്ട് നാളേറെയായി. ചുരുക്കത്തിൽ, കോഴിക്കൂട് പണിയും മുമ്പേ മുട്ടയുടെ എണ്ണം തിട്ടപ്പെടുത്തുന്ന തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന അടിസ്ഥാന പാഠം മറന്നുകൊണ്ട്, പിആർ ഏജൻസികളുടെയും പാട്ടുകളുടെയും ബലത്തിൽ മുഖ്യമന്ത്രിയാകാം എന്ന വ്യാമോഹം പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. സ്വന്തം നേതാക്കളുടെ ഈ തമ്മിലടി കണ്ട് നിരാശരായ സാധാരണ പ്രവർത്തകരും, ഈ പോരിനെ ആശങ്കയോടെ നോക്കിക്കാണുന്ന ഘടകകക്ഷികളും നൽകുന്ന മുന്നറിയിപ്പ് ഈ നേതാക്കൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ, വോട്ടെണ്ണൽ കഴിയുമ്പോൾ പുറത്തിറക്കിയ പുസ്തകങ്ങൾ വായിക്കാനും പോഡ്കാസ്റ്റുകൾ കേൾക്കാനും പ്രതിപക്ഷ നിരയിൽ തന്നെ ഇവർക്ക് ഇനിയും ധാരാളം സമയം കിട്ടിയേക്കാം എന്ന് മാത്രം ഇപ്പോൾ പറഞ്ഞുവെക്കാം.




