കോട്ടയം: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് 58-ാം വയസ്സിൽ എൻജിനീയറിങ് ഡിപ്ലോമയിൽ ഉജ്ജ്വല വിജയം നേടി കുമരകം സ്വദേശി ജി.വി. ബൈജു. പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നിന്ന് കേരള സർക്കാർ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ മുഖേനയുള്ള മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എൻജിനീയറിങ് പ്രൊഫഷണൽ ഡിപ്ലോമയിലാണ് ബൈജു ഈ നേട്ടം കൈവരിച്ചത്.
84.6 ശതമാനം മാർക്കോടെ എ ഗ്രേഡ് കരസ്ഥമാക്കിയ ഈ വിജയം നാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ നിന്ന് ഡ്രൈവറായി വിരമിച്ച ശേഷമാണ് വിശ്രമജീവിതത്തിന് പകരം പുതിയ അറിവുകൾ തേടി അദ്ദേഹം വീണ്ടും ക്ലാസ് മുറിയിലേക്ക് മടങ്ങിയത്.
കഴിഞ്ഞ 26 വർഷമായി കുമരകത്ത് ‘ഗുരു മോട്ടോർ ഡ്രൈവിംഗ് സ്കൂൾ’ നടത്തിവരുന്ന ബൈജു നൂറുകണക്കിന് ആളുകളെ ഡ്രൈവിംഗ് പരിശീലിപ്പിച്ചിട്ടുണ്ട്. ദീർഘകാലത്തെ പ്രവൃത്തിപരിചയം ഉണ്ടെങ്കിലും, തന്റെ മേഖലയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായി പഠിക്കണമെന്ന ആഗ്രഹമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ പഠനത്തിലേക്ക് നയിച്ചത്. വിരമിച്ച ശേഷമുള്ള സമയം അറിവിനായി വിനിയോഗിച്ച ഇദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.






