കൊച്ചി: മഹാരാജാസ് കോളേജ് എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് നടപടി. ഇനി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, കേസിലെ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. ആദ്യ 16 പ്രതികൾക്കെതിരായ വിചാരണ തുടരുന്നതിന് തടസമില്ലെന്നും, മറ്റ് പ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം ഉടൻ നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.
2018 ജൂലൈ 2ന് മഹാരാജാസ് കോളേജ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ പ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് നേരത്തെ വിവാദമായിരുന്നു. പിന്നീട് രേഖകൾ പുനഃസൃഷ്ടിച്ച ശേഷമാണ് വിചാരണ നടപടികൾ മുന്നോട്ട് പോയത്. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസിലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകിയിരുന്നു.




