കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമെല്ലാം കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഒരു മാസത്തിനകം മുദ്രവച്ച കവറിൽ ഈ തെളിവുകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലൂടെ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. തെളിവുകൾ നേരിട്ട് ഹൈക്കോടതി രജിസ്ട്രിയിലും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെടുന്നത് പ്രാഥമികമായി നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ പ്രോസിക്യൂഷൻ നിലപാട് ഒരുമാസത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിച്ചുവെന്നാണ് അതിജീവിതയുടെ പരാതി. സ്വകാര്യ ദൃശ്യങ്ങൾ ചോർന്നത് മൗലികാവകാശ ലംഘനമാണെന്നും, കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നുമാണ് അവരുടെ ആവശ്യം. മുമ്പ് രണ്ട് ജഡ്ജിമാർ ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇപ്പോൾ ഹർജി പരിഗണിക്കുന്നത്.






