തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിവിധ ക്രൈസ്തവസഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. “ആദം നീ എവിടെയാകുന്നു” എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും.
ക്രൈസ്തവ ചുറ്റുപാടുകളിൽ വളർന്നതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ച് പഠിക്കാനും വായിക്കാനും താൻ കൂടുതൽ സമയം കണ്ടെത്തിയിരുന്നുവെന്ന് സതീശൻ ആമുഖ കുറിപ്പിൽ പറയുന്നു. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റു മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരു അധ്യായം വായിക്കുന്നത് തന്റെ പതിവാണെന്നും കുറിപ്പിലുണ്ട്.
ഏകദേശം 250-ഓളം ക്രൈസ്തവസഭാ യോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു. നിയുക്ത കർദിനാൾ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് നൽകിയ സ്വീകരണച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിരിക്കുന്നത്.
“ജീവിതത്തിൽ വീഴാതെ, പിന്നോട്ട് പോകാതെ നിലനിൽക്കാനുള്ള ആത്മവിശ്വാസം യേശുക്രിസ്തു തന്നു” എന്നും പ്രത്യാശയോടെ മുന്നോട്ട് പോകണമെന്ന് വിശ്വാസം തന്നെയാണ് തന്നെ നയിക്കുന്നതെന്നും സതീശൻ കുറിപ്പിൽ പറയുന്നു. പുസ്തകത്തിന് എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അവതാരിക എഴുതിയിട്ടുണ്ട്. മാധ്യമപ്രവർത്തകൻ റോയ് മാത്യുവാണ് പുസ്തകം എഡിറ്റ് ചെയ്തത്.






