കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിചെന്ന് കുടുംബത്തിന്റെ ആരോപണം. വാണിമേൽ സ്വദേശിയായ റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സ തേടിയാണ് അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റീജിത്തിന് ആദ്യ ശസ്ത്രക്രിയ നടത്തി. ഇടത് വശത്തെ കിഡ്‌നി സ്റ്റോണിന് ശസ്ത്രക്രിയ നടത്തേണ്ടതിനുപകരം വലത് വശത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളും പഴുപ്പും ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് നിരവധി തവണ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തേണ്ടിവന്നതായും കുടുംബം പറയുന്നു.
ഈ വർഷം ഏപ്രിലിൽ റീജിത്തിന് രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. എന്നാൽ, കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് വീണ്ടും വലത് വശത്ത് ശസ്ത്രക്രിയ നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സാ പിഴവുകളും തുടർ സങ്കീർണതകളും മരണത്തിലേക്ക് നയിച്ചതായി കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. മരണകാരണം സംബന്ധിച്ചും ചികിത്സാ നടപടികളുമായി ബന്ധപ്പെട്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.






