ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിഞ്ഞിട്ട് തന്നെയാണ് മലയാളി പൊറോട്ട കഴിക്കുന്നത്. എങ്കില്‍ പിന്നെ ആരോഗ്യത്തിന് അത്ര ദോഷകരമല്ലാത്ത രീതിയില്‍ കഴിക്കാവുന്നതല്ലേയുള്ളൂ. എത്ര കഴിക്കുന്നു, കൂട്ടുകറി, സമയം, ഭക്ഷണശീലം എന്നിവയാണ് പ്രധാനം. മൈദ കൊണ്ടാണ് പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും. അധിക എണ്ണയും കൊഴുപ്പും ഉപയോഗിക്കുന്നതു മൂലം അനാരോഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും. അതുകൊണ്ട് ഒരുപാട് കഴിക്കാതിരിക്കുക എന്നതാണ് പ്രധാനം.
വല്ലപ്പോഴും രണ്ട് എണ്ണം കഴിക്കുന്നതല്ല പ്രശ്‌നം. ശീലമാക്കരുത്. പകരം ആഴ്ചയില്‍ ഒരു തവണ അല്ലെങ്കില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ എന്ന നിലയില്‍ കഴിക്കാം. അതുപോലെ രാത്രി വൈകി പൊറോട്ട കഴിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് നല്ലത്.
പൊറോട്ടയുടെ കൂടെ കഴിക്കുന്നത് എന്ത് എന്നതും പ്രധാനമാണ്. എണ്ണ കൂടിയ ബീഫ് ഫ്രൈ അല്ലെങ്കില്‍ ക്രീമി ഗ്രേവികള്‍ എന്നിവ ടേസ്റ്റ് ഉണ്ടാവുമെങ്കിലും അത്ര നല്ലതല്ല. പകരം പച്ചക്കറി, ഗ്രില്‍ ചെയ്ത ചിക്കന്‍ / മുട്ട, മീന്‍ കറി, കടല കറി എന്നിവ നല്ലതാണ്. പൊറോട്ട കഴിക്കുമ്പോള്‍ പ്രോട്ടീന്‍ കൂടെ കൂട്ടാന്‍ ശ്രദ്ധിക്കണം.
പൊറോട്ട കഴിച്ചുകഴിഞ്ഞ് 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുപോലെ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും ഒഴിവാക്കുക. വൈകുന്നേരമാണ് കഴിക്കുന്നതെങ്കില്‍ വാരിവലിച്ച് കഴിക്കാതിരിക്കുക.






