തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.
പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ ഫെബ്രുവരി 17ന് വാട്‌സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.
ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പൊലീസിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പരാതിക്കാരി തന്നെ അമ്മയുടെ ഫോൺ നമ്പറിൽ നിന്ന് ബന്ധപ്പെടാൻ ശ്രമിച്ചുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
2023-ൽ വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.






