ഭോപാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ച് പേരെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
രാവിലെ 7.30ഓടെയായിരുന്നു സംഭവം നടന്നത്. ദിനേഷ് ലോധി ഓടിച്ചിരുന്ന ഥാർ എസ്‌യുവി ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും ഇടിച്ചതായാണ് റിപ്പോർട്ട്. ഇവർ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു.
റോഡിൽ നിന്ന് മാറാത്തതിനാലാണ് ഇടിച്ചതെന്ന് പറഞ്ഞ് ദിനേഷ് ലോധി പരിക്കേറ്റവരോട് തർക്കിച്ചുവെന്നും, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സൈറൺ മുഴക്കിയപ്പോൾ വഴി മാറാത്തത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നതും വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പകർത്തിയവരെ അദ്ദേഹം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ, പൂജ സോണി എന്നിവർക്ക് തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വാഹനത്തിൽ എംഎൽഎയുടെയും ദിനേഷ് ലോധിയുടെയും പേരുകൾ രേഖപ്പെടുത്തിയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ കരേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ എംഎൽഎ പ്രീതം ലോധി, നിയമം അതിന്റെ വഴിക്ക് പോകണമെന്നും, ഇരകൾക്ക് നീതി ലഭിക്കണമെന്നും പറഞ്ഞു.






