ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഈ മാസം 16 മുതൽ 19 വരെ നിശ്ചയിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തെക്കുറിച്ചാണ് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചത്.
വിദ്യാർഥി നേതാക്കളെ കാണാനാണോ അതോ ഇന്ത്യാവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ചോദിച്ചു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തിന്റെ അജണ്ട സംബന്ധിച്ച് കോൺഗ്രസ് വ്യക്തത വരുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.



