ആലപ്പുഴ: നെടുമുടി പൊലീസ് സ്റ്റേഷനു സമീപത്തെ പമ്പയാറ്റിൽ കുട്ടികൾ ചൂണ്ടയിടുന്നതിനിടെ കിട്ടിയ ബാഗിൽ നിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൾ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ചൂണ്ടയിൽ കുടുങ്ങിയ ബാഗ് കുട്ടികൾ കരയ്ക്കുകയറ്റി പരിശോധിക്കുമ്പോഴാണ് അസ്ഥികൾ കണ്ടെത്തിയത്. ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള അസ്ഥി, ഇടുപ്പെല്ലിന്റെ ഭാഗം, കീഴ്താടി, പല്ല് എന്നിവ ബാഗിലുണ്ടായിരുന്നു.
അസ്ഥികളിൽ പേനകൊണ്ട് മാർക്കിങ് ഉണ്ടായിരുന്നതിനാൽ മെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാഗിനുള്ളിൽ മാസ്കും സോപ്പും കണ്ടെത്തിയിട്ടുണ്ട്.
അസ്ഥികൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് നെടുമുടി പൊലീസ് അറിയിച്ചു.






