തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും മത്സ്യഫെഡിൽ അക്കൗണ്ടന്റ് തസ്തികയിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു.
സ്പെഷ്യൽ റൂൾ പ്രകാരം അക്കൗണ്ടന്റ് തസ്തികയിൽ പി.എസ്.സി വഴിയുള്ള നേരിട്ടുള്ള നിയമനവും അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽനിന്നുള്ള സ്ഥാനക്കയറ്റവും വഴിയാണ് നിയമനം നടത്തേണ്ടത്. ആകെയുള്ള ഒഴിവുകളിൽ 1:1 അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്.
എന്നാൽ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽ 2020 ഓഗസ്റ്റ് 27ന് ശേഷം സ്ഥിരം ജീവനക്കാരാരും ജോലി ചെയ്യുന്നില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഈ തസ്തികയിൽനിന്ന് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ നിലവിൽ ആരുമില്ല. എന്നിട്ടും കഴിഞ്ഞ ആറുവർഷമായി അക്കൗണ്ടന്റ് തസ്തികയിലെ മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോപണം.
സ്പെഷ്യൽ റൂൾ നിലവിൽ വന്നപ്പോൾ മത്സ്യഫെഡിൽ 27 അക്കൗണ്ടന്റ് തസ്തികകളാണുണ്ടായിരുന്നത്. 2020ൽ 21 ഒഴിവുകൾ ഉണ്ടായിരുന്നെങ്കിലും 10 ഒഴിവുകൾ മാത്രമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്. 2024 ജനുവരി മൂന്നിന് മൂന്ന് ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്തു.
നിലവിൽ രണ്ട് വിരമിക്കൽ ഒഴിവുകൾ ഉൾപ്പെടെ 16 അക്കൗണ്ടന്റ് ഒഴിവുകളുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിലെ തസ്തികകൾക്കായി പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ട്. എന്നാൽ റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്താതെ താത്കാലിക ജീവനക്കാരെ സംരക്ഷിക്കാനാണ് മത്സ്യഫെഡ് ശ്രമിക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.




