ന്യൂഡൽഹി: വിവാദത്തെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം പുറത്തിറങ്ങും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് പുസ്തകം പുതുക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഈ മാസം മൂന്നാം ആഴ്ചയോടെ പരിഷ്‌കരിച്ച പുസ്തകം പുറത്തിറക്കുമെന്ന് എൻ.സി.ഇ.ആർ.ടി. അറിയിച്ചു.
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ “Exploring Society: India and Beyond” എന്ന ഗ്രന്ഥത്തിലെ “The Role of Judiciary in our Society” എന്ന അധ്യായമാണ് വിവാദത്തിന് വഴിവെച്ചത്. ജുഡീഷ്യറിയെ പ്രതികൂലമായി ചിത്രീകരിക്കുന്ന ഉള്ളടക്കമുണ്ടെന്ന പരാതിയെ തുടർന്ന് പുസ്തകത്തിന്റെ വിതരണം നിർത്തിവെക്കാനും ഓൺലൈൻ പതിപ്പുകൾ പിൻവലിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
തുടർന്ന് ഫെബ്രുവരി 24-ന് സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുസ്തകം പൂർണമായും പിൻവലിച്ചു. പുതിയ പതിപ്പ് തയ്യാറാക്കുന്നതിനും ഉള്ളടക്കം പരിശോധിക്കുന്നതിനുമായി മുൻ അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ, മുൻ സുപ്രീംകോടതി ജഡ്ജി ഇന്ദു മൽഹോത്ര, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സമിതിയാണ് മേൽനോട്ടം വഹിച്ചത്.
സാമൂഹ്യശാസ്ത്ര പുസ്തകമൊഴികെയുള്ള മറ്റ് പാഠപുസ്തകങ്ങളുടെ വിതരണം നേരത്തെ പൂർത്തിയായിരുന്നുവെന്നും എൻ.സി.ഇ.ആർ.ടി. വ്യക്തമാക്കി.






