ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന്റെ അവകാശങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ താൽപര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർക്കാർ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി വിയോജിച്ചു. മേക്കെദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ആവശ്യമില്ലെന്നും സർക്കാർ നിയമപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും വിജയ് വ്യക്തമാക്കി. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി, കാവേരി ജലത്തിന് മേലുള്ള തമിഴ്നാടിന്റെ അവകാശം സംരക്ഷിക്കുമെന്നും പറഞ്ഞു.
അതേസമയം, സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചു. കാവേരി വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കർണാടക നിർദേശിച്ചിരിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട് നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കാവേരി നദിക്ക് കുറുകെ കർണാടക നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് കുടിവെള്ള വിതരണത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഏകദേശം 14,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് വലിയ സംഭരണ ശേഷിയുണ്ടാകും. പദ്ധതി നടപ്പായാൽ ജലപ്രവാഹത്തെ ബാധിക്കുമെന്നും വനമേഖലകൾക്ക് ഭീഷണിയാകുമെന്നും തമിഴ്നാട് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


