കോട്ടയം: ഓപ്പറേഷൻ തിയേറ്ററിൽ പാട്ട് പാടി ഡോക്ടർ. കോട്ടയം ടൗണിൽ ഉള്ള ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ഓർത്തോ സർജനായ ഡോ. ജെ.ആർ. ഗണേഷ് കുമാർ. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ താരം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൈക്കുഴയ്ക്കേറ്റ പൊട്ടലിനു ചികിത്സയ്ക്കായാണു കോട്ടയംകാരി എൺപത്തിനാലു വയസുള്ള വനിത ഡോ. ഗണേഷിനെ സമീപിച്ചത്.
പരിശോധനയിൽ ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ സമ്മർദം ലഘൂകരിക്കുന്നതിനായി സംസാരിച്ചപ്പോഴാണ് ഇവർ നല്ലൊരു ഗായികയാണെന്ന വിവരം ഡോക്ടർ അറിഞ്ഞത്. പേടി ഒഴിവാക്കുന്നതിനായി ഒരു പാട്ടു പാടുമോ എന്നു ചോദിച്ചു. പാടാൻ തയാറാണെങ്കിൽ താനും ഒപ്പം ചേരാമെന്നു ഡോക്ടർ സമ്മതിക്കുകയും ചെയ്തു.
അങ്ങനെയാണ് ഇരുവരും ചേർന്നു ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടാൻ തുടങ്ങി. അതെ സമയം രംഗം ഓപ്പറേഷൻ തിയറ്ററിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു നഴ്സ് ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.
മറ്റ് വിദേശ രാജ്യങ്ങളിൽ ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തീസിയ മരുന്നുകളുടെ അളവു കുറയ്ക്കുന്നതിനായി രോഗിക്ക് മ്യൂസിക് തെറപ്പി നൽകാറുണ്ടെന്നു ഡോ. ഗണേഷ് പറഞ്ഞു.




