ഫ്രാൻസ്: യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, മാനുഷികതയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഫ്രാൻസിലെ എവിയൻ വേദിയിൽ നടന്ന ജി7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം തുടരാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് യുദ്ധത്തിന്റെ ഭാരം ഒറ്റയ്ക്ക് താങ്ങാനാകില്ലെന്നും, അതിനാൽ അന്താരാഷ്ട്ര സമൂഹം സജീവമായി ഇടപെടണമെന്നും മോദി ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം ഉൾപ്പെടെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള സമൃദ്ധിക്കായി ഇന്ത്യയുടെ പങ്കാളിത്തം വെറും വാക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിൽ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിൽ മനുഷ്യകേന്ദ്രിത സമീപനമാണ് തുടർച്ചയായി പിന്തുടരുന്നതെന്നും, അത് വിവിധ ആഗോള പദ്ധതികളിലൂടെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം ഒരു കുടുംബമാണെന്ന ‘വസുധൈവ കുടുംബകം’ എന്ന പുരാതന ആശയത്തിലാണ് ഇന്ത്യയുടെ അന്താരാഷ്ട്ര ദർശനം അടിയുറച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ഇന്ത്യ പലപ്പോഴും ആദ്യ സഹായകരിൽ ഒന്നായിരുന്നുവെന്നും അദ്ദേഹം ഉദാഹരണങ്ങളോടെ ഓർമ്മിപ്പിച്ചു. ‘സർവ ജന ഹിതായേ, സർവ ജന സുഖായേ’ എന്ന ആശയമാണ് ഇന്ത്യയുടെ വികസന മാതൃകയുടെ അടിസ്ഥാനം എന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര സഹകരണം ദാതാവ്–സ്വീകർത്താവ് മാതൃകയിൽ നിന്ന് മാറി സമത്വവും പങ്കാളിത്തവും അടിസ്ഥാനമാക്കിയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഗണന ലോക ഐക്യദാർഢ്യത്തിന് വലിയ തടസ്സമാണെന്നും അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.






