മുഖ്യമന്ത്രിപദത്തിനായി നെട്ടോട്ടം ഓടുകയാണ് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാകും മുഖ്യമന്ത്രി എന്നതിൽ ചർച്ചകൾ ആരംഭിച്ചിരുന്നു നേതാക്കളുടെ ഇടയിൽ. പരസ്യമായി പറഞ്ഞില്ലെങ്കിൽ പോലും അണികളുടെ മനസിലും നേതാക്കളുടെ മനസ്സിലും ഞാൻ തന്നെ അടുത്ത മുഖ്യമന്ത്രി എന്ന ആഗ്രഹമുണ്ട്. സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരും, അണികളെ കൊണ്ട് പറയിക്കുന്ന മുഖ്യമന്ത്രിമാരും നിരവധിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന പ്രചാരണങ്ങൾ. ഞങ്ങടെ നേതാവ് തന്നെയാകണം മുഖ്യമന്ത്രി എന്ന് തന്നെയാണ് അണികളുടെ ആവശ്യം.
നേതാക്കൾ നേരിട്ട് ഇറങ്ങിയില്ലെങ്കിലും അണികൾ നല്ല ആവേശത്തിലാണ്. മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെ പോലെയാണ് വോട്ട് എല്ലാം പെട്ടിയിലാക്കി ഫലത്തിന് കാത്തിരിക്കുന്ന കോൺഗ്രെസ്സുകാർ. ഇനിയെങ്ങാനും ജയിച്ചുകഴിഞ്ഞാൽ കേരളത്തിൽ ഇങ്ങനെ പോയാൽ മുഖ്യമന്ത്രിമാരുടെ എണ്ണം കൂടും. സൈബറിടമാണ് നേതാക്കളുടെ പ്രധാന വേദി. നേതാക്കന്മാർ സ്വാന്തനം പേരുകളിൽ അറിയപെടുന്നതിനേക്കാൾ ജനങ്ങൾ ഇട്ടു എന്ന് സ്വന്തമായിട്ട് പറയപ്പെടുന്ന പേരുകളുണ്ട്. ജനനായകൻ കെ സി വേണുഗോപാൽ, എ.ഐ. വീഡിയോ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. പുസ്തകവും, തീർന്നില്ല ഇനിയൊരു ഹ്രസ്വ ചിത്രവും പുറകെ വരുന്നുണ്ട്. ഒട്ടും താമസിക്കാതെ തന്നെ ചെന്നിത്തലയും ഇറക്കി ഒരു ഡോക്യുമെന്ററി. നിലപാടുകളുടെ രാജകുമാരൻ വി ഡി സതീശൻ. എങ്കിലും സൈബർയുദ്ധത്തിൽ സതീശൻ പിന്നാക്കമാണ്.
കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കാര്യമായ തർക്കമുണ്ടായിട്ടില്ല. കെ. കരുണാകരൻ-എ.കെ. ആന്റണി, ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല നേതൃത്വകാലങ്ങളിൽ പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും മുന്നണി അധികാരത്തിൽവന്നാൽ മുഖ്യമന്ത്രിയാര് എന്നതിൽ വ്യക്തതയുണ്ടായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കയറി ഓടുന്നതിന് തുല്യമാണ് മുഖ്യമന്ത്രി കസേര പോര്. പുസ്തകം മുതൽ പോഡ്കാസ്റ്റ് വരെയുള്ള നീണ്ട നിരയാണ് ആയുധങ്ങൾ. പ്രത്യക്ഷമായി പറഞ്ഞില്ലെങ്കിലും പരോക്ഷമായി അടങ്ങാത്ത ആഗ്രഹങ്ങളുടെ കൂമ്പാരമായി നടക്കുകയാണ് നേതാക്കന്മാർ. ഫലം വരുന്ന ദിവസം ജയിച്ചുകഴിഞ്ഞാൽ എങ്കിലും ഈ കസേര പോര് അവസാനിക്കുമെന്ന് വിശ്വസിക്കാം. വിശ്വാസം അതാണല്ലോ എല്ലാം.







