ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 95 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും മത്സരിക്കും.
ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കി. തൃക്കരിപ്പൂര്‍ സീറ്റ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറി. പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്പി കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും ഇപ്രാവശ്യവും അവര്‍ തന്നെയാണ് മത്സരിക്കുക. അഞ്ചാമത്തെ സീറ്റായ മട്ടന്നൂര്‍ ഇപ്രാവശ്യം കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ട്. പകരം അവര്‍ക്ക് കൊടുത്തത് പയ്യന്നൂരാണ്. പ്രത്യേക സാഹചര്യത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കുകയാണ്.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിയ്ക്ക് തിരുവനന്തപുരവും കെഡിപിയ്ക്ക് പാലയും വിട്ടുകൊടുക്കാന്‍ തീരുമാനമായി. ആര്‍എംപിയ്ക്ക് വടകരയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറിന് ബേപ്പൂരും കൊടുക്കാന്‍ തീരുമാനമായി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. 40 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കും’: വി ഡി സതീശന്‍ പറഞ്ഞു.






