അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. AMVIമാരായ ലൈജു ബി.എസ്, ഷമീർ എം എന്നിവരുടെ സസ്പെൻഷനാണ് ഗതാഗത വകുപ്പ് പിൻവലിച്ചത്. നിയമവിരുദ്ധമായി അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ച വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴചുമത്തിയെന്ന് ചൂണ്ടിക്കാട്ടി സംഭവം വിവാദമായിരുന്നു. എന്നാൽ നിയമപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വലിയ രീതിയിൽ പ്രതിഷേധിച്ചതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ സംഘടനകൾ പ്രതിഷേധത്തിലേക്ക് കടക്കുകയും നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്. അതേസമയം, സസ്പെൻഷൻ പിൻവലിച്ചെങ്കിലും ലൈജു ബി.എസ്, ഷമീർ എം എന്നിവരെ അടൂർ സബ് ആർ.ടി.ഒ ഓഫീസിൽ നിന്ന് മാറ്റിയിട്ടുണ്ട്.


