തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഘുനാഥൻ നായരുടെ മൃതദേഹം അടുക്കളയിൽ തൂങ്ങിയ നിലയിലും, പുഷ്പയുടെ മൃതദേഹം നിലത്തുമാണ് കണ്ടെത്തിയത്.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി പൊലീസെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അയൽവാസികളുമായി വലിയ ഇടപഴകൽ ഇല്ലാതിരുന്നതിനാൽ സംഭവം വൈകിയാണ് പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




