ദിസ്പൂര്‍: അസം കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ഭൂപന്‍ ബോറ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവും സഹപ്രവര്‍ത്തകരും നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് നാടകീയമായ ഈ മനംമാറ്റം.
രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഭൂപന്‍ ബോറയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും അദ്ദേഹം ആശയവിനിമയം നടത്തി. ബോറയുടെ രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചിരുന്നില്ലെന്ന് അസമിന്റെ ചുമതലയുള്ള ഭാന്‍വര്‍ ജിതേന്ദ്ര സിങ് വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ 1994 മുതല്‍ സജീവമായ ഭൂപന്‍ ബോറ 2006 മുതല്‍ 2016 വരെ ബിഹ്പുരിയ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് അസം പിസിസി അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ ജൂണില്‍ ഗൗരവ് ഗൊഗോയിക്ക് അധികാരം കൈമാറുന്നത് വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു. ഗൊഗോയി നയിച്ച മജുലിയിലെ റാലിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്.
ഭൂപന്‍ ബോറയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി ജിതേന്ദ്ര സിങ് അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ സ്വാഭാവികമായി ഉണ്ടാകാറുള്ള തര്‍ക്കങ്ങള്‍ മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂപന്‍ ബോറയെപ്പോലൊരു മുതിര്‍ന്ന നേതാവിനെ നിലനിര്‍ത്താനായത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കരുത്താകും.




