കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻരാജ് താമസിച്ചിരുന്ന ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം. അശോക് കുമാർ ആരോപിച്ചു.
രണ്ടുമാസം മുമ്പ് പനി ബാധിച്ചപ്പോൾ നിതിൻരാജിനെ ഒറ്റമുറിയിലേക്ക് മാറ്റിയതായും ആ സമയത്ത് സഹപാഠികളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരിലും ചില വിദ്യാർത്ഥികളിലും നിന്നു നിതിൻരാജ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. റാഗിംഗ്, ജാതി അധിക്ഷേപം, നിറം പറഞ്ഞുള്ള പരിഹാസം എന്നിവ സ്ഥിരമായി ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇതിനെ തുടർന്ന് നിതിൻരാജ് ഒറ്റപ്പെടുകയും മാനസികമായി ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.
സ്ഥിതി മോശമായപ്പോൾ പഠനം നിർത്തി വീട്ടിലേക്ക് മടങ്ങാൻ നിതിൻരാജ് തീരുമാനിച്ചിരുന്നുവെങ്കിലും ബന്ധുക്കൾ പ്രേരിപ്പിച്ചതിനെ തുടർന്ന് പഠനം തുടരുകയായിരുന്നുവെന്ന് അശോക് കുമാർ പറഞ്ഞു. ചില സീനിയർ വിദ്യാർത്ഥികൾ ശാരീരികമായി പീഡിപ്പിച്ചെന്ന വിവരവും മറ്റു വിദ്യാർത്ഥികൾ വഴി അറിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലസ് ടുവിന് ശേഷം നാല് വർഷം പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്താണ് കഴിഞ്ഞ വർഷം നിതിൻരാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശനം നേടിയത്. മാനേജ്മെന്റ് സീറ്റിലല്ലെങ്കിലും വിവിധ ഫീസുകൾക്കായി ഏകദേശം മുപ്പതിനായിരം രൂപ ചെലവായിട്ടുണ്ട്. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തുണ്ട്.




