തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയ്ക്ക് ലഭിക്കുന്ന ‘സീറോ’ ടിക്കറ്റ് കളയാതെ വെക്കണം, ആവശ്യമുണ്ട്. കൂട്ടിവെച്ച ടിക്കറ്റുകൾ നിങ്ങൾക്ക് സമ്മാനം നൽകും. ഈ ടിക്കറ്റുകൾ നറുക്കിട്ട് സമ്മാനം നൽകുന്ന പദ്ധതി ആലോചിക്കുകയാണ് ഗതാഗത വകുപ്പ്.
ഇന്നലെ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടന വേളയിൽ ടിക്കറ്റുകൾ കളയരുത് എന്ന് മന്ത്രി സി പി ജോൺ പറഞ്ഞിരുന്നു. ടിക്കറ്റ് മെഷീനിലെ പേപ്പർ റോളടക്കം ഒരു ടിക്കറ്റിന് ചെലവ് വരുന്നത് 13 പൈസയാണ്. ഇത് പരിഹരിക്കുന്നതോടൊപ്പം കെഎസ്ആർടിസിക്ക് നല്ലൊരു വരുമാനം കൂടി ലഭിക്കാൻ ടിക്കറ്റിന് പിന്നിൽ പരസ്യം പതിക്കും. ഈ പരസ്യദാതാവു തന്നെ സമ്മാനവും സ്പോൺസർ ചെയ്യുന്ന തരത്തിലാണ് ആലോചന. ഇതിനുള്ള ടെൻഡർ ഉടൻ വിളിച്ചേക്കും. ടിക്കറ്റ് സ്ത്രീകൾ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ പരസ്യം വീടുകളിലേക്കു കൂടി എത്തിക്കാനാണ് ആലോചന.





