കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ ട്രെയിലർ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു. ഒടുവിൽ തമിഴ്നാട്ടിലെ സേലത്ത് നിന്ന് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും തൃക്കാക്കര പൊലീസ് പിടികൂടി.
വ്യാഴാഴ്ചയാണ് അപകടത്തിൽപ്പെട്ട ട്രെയിലർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ട്രെയിലർ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ട്രെയിലർ അപകടസ്ഥലത്തുനിന്ന് മാറ്റിയത്. പൊലീസ് സ്റ്റേഷനിൽ വാഹനം സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ സീപോർട്ട്– എയർപോർട്ട് റോഡിലാണ് ട്രെയിലർ നിർത്തിയിരുന്നത്. ഇതിനിടെയാണ് സ്പെയർ കീയുമായി എത്തിയ ഭുവനേശ്വർ മിശ്ര ട്രെയിലർ എടുത്തുകൊണ്ടുപോയത്.
കസ്റ്റഡിയിലായിരുന്ന വാഹനം കാണാതായതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തി. തുടർന്ന് വാഹനം സേലത്തുണ്ടെന്ന് കണ്ടെത്തുകയും അവിടെ നിന്ന് ട്രെയിലർ പിടികൂടുകയുമായിരുന്നു. ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെയ്‌നർ ഇറക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് തൃക്കാക്കരയിൽ ട്രെയിലർ രണ്ട് പേരെ ഇടിച്ചത്. അപകടത്തിൽ ഇരുവരും മരിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയുവിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്.




