ന്യൂഡൽഹി: സിപിഐഎമ്മിനും പിണറായി വിജയനുമെതിരായ ഹീനമായ ആക്രമണമാണ് ഇഡി പരിശോധനയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയാണ് റെയ്ഡ് നടക്കുന്നത്. ഗൂഢമായ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും പിന്നിൽ യുഡിഎഫ് സർക്കാരിനും പങ്കുണ്ടോ എന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില കാര്യങ്ങൾ മറക്കുന്നു. ഒരു സേവനവും നൽകാതെ വൻ തുക ചിലർ കൈപ്പറ്റി എന്ന് രേഖകളിൽ പറയുന്നു. ഇവർ ഇന്ന് യുഡിഎഫ് സർക്കാരിൽ ഉണ്ട്. വീണ അന്വേഷണത്തോട് പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികൾ വിശദമായി നൽകുകയും ചെയ്തു. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. വീണാ വിജയൻ നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കത്തിലൂടെ സിപിഐ എമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്താമെന്ന് കരുതേണ്ട. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥകാലത്ത് യുവ എംഎൽഎയായിരുന്ന പിണറായി, കസ്റ്റഡിയിൽ ഭീകരമായ മർദ്ദനമേറ്റയാളാണ്. പലദുരാരോപണങ്ങളും സിപിഐ എമ്മും നേരിട്ടതാണ്. മോദി സർക്കാർ പാർടികളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






