കൊല്ലം: കുന്നിക്കോട് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻതറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമേറ്റതാണ് മരണകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നു. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ അദ്ദേഹം പതിനൊന്ന് മണിയോടെയും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.




