കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വീണ്ടും നേതാക്കൾക്ക് ഫ്‌ളെക്‌സുമായി അണികൾ രംഗത്ത്. എറണാകുളം പള്ളുരുത്തിയിൽ വി.ഡി. സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്‌ളെക്‌സ് ഉയർന്നിട്ടുണ്ട്. കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം മാറി, ഇപ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടാണ്, ടീം യുഡിഎഫ് ആണെന്ന തരത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് സംസാരിച്ചിരുന്നത്. മാത്രമല്ല, നേതാക്കൾക്കായി ഇനി ഫ്‌ളെക്‌സുകൾ സ്ഥാപിക്കരുത് എന്ന് ഹൈക്കമാൻഡും മുതിർന്ന നേതാക്കളും നിർദേശം നൽകിയിരുന്നു.
ഇതിനെയെല്ലാം മറികടന്നാണ് കൊച്ചി പള്ളുരുത്തി വെളി ബസ് സ്റ്റോപ്പിന് സമീപം വി.ഡി. സതീശനും ഷാഫി പറമ്പിലിനുമായി വീണ്ടും ഫ്‌ളെക്‌സ് ബോർഡ് സ്ഥാപിക്കപ്പെട്ടത്. ‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ – കോൺഗ്രസ് (ഐ) പള്ളുരുത്തി മണ്ഡലം കമ്മിറ്റി’ എന്നാണ് ഫ്‌ളെക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തന്റെ അറിവോടെയല്ല ഫ്‌ളെക്‌സ് സ്ഥാപിക്കപ്പെട്ടത് എന്നാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രതികരിച്ചത്. എന്നാൽ കോൺഗ്രസ് അനുഭാവികൾ തന്നെയാണ് ഇത് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് ഫ്‌ളെക്‌സ് ഉയർന്നതെന്നാണ് നിഗമനം.






