ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്ത്. പാർട്ടിയിലെ 24 എംഎൽഎമാർ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് നേതാവ് സി.വി. ഷണ്മുഖം അറിയിച്ചു. ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെയിലെ ഏക എംഎൽഎ എസ്. കാമരാജും നിയമസഭയിൽ ടിവികെയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 145 ആയി. അതിനാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വിജയ്ക്ക് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
എഐഎഡിഎംകെയിൽ ഇപ്പോൾ ഇപിഎസ് പക്ഷത്ത് 23 എംഎൽഎമാരും വിമതവിഭാഗത്തിൽ 24 പേരുമാണുള്ളത്. ജില്ലാ സെക്രട്ടറിമാരുടെ പിന്തുണ ഉറപ്പാക്കാൻ ഇരുവിഭാഗവും നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഡിഎംകെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചുവെന്നാണ് സി.വി. ഷണ്മുഖത്തിന്റെ ആരോപണം. ഇ.പി.എസ്. മുഖ്യമന്ത്രിയാകുമെന്ന നിർദേശവും ഉണ്ടായിരുന്നുവെന്ന് എസ്.പി. വേലുമണി പറഞ്ഞു. എന്നാൽ ആ നിർദേശം അംഗീകരിക്കാനാകാത്തതിനാലാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പിളർക്കാനല്ല ശ്രമമെന്നും എഐഎഡിഎംകെയെ സംരക്ഷിക്കണമെന്നാണ് ആഗ്രഹമെന്നും നേതാക്കൾ പറഞ്ഞു. പുതിയ രാഷ്ട്രീയ സഖ്യം ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം, ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച എസ്. കാമരാജിനെ ചൊല്ലി വിവാദവും ഉയർന്നിട്ടുണ്ട്. തന്റെ എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് ഉണ്ടാക്കിയെന്നാരോപിച്ച് ടി.ടി.വി. ദിനകരൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എൻഡിഎയിൽ തുടരുമെന്നാണ് ദിനകരന്റെ നിലപാട്. കാമരാജിന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.






