കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി. ക്യാപിറ്റൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഒരു ഇറച്ചിക്കടയിൽ നിന്ന് 130 കിലോ പഴകിയ മാംസവും കൊഴുപ്പും പിടിച്ചെടുത്തു.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പരിശോധനകളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു.
ഇതിന് മുമ്പ് ജഹ്‌റ ഗവർണറേറ്റിലെ പഴം-പച്ചക്കറി മാർക്കറ്റുകൾ ഉൾപ്പെടെ വ്യാപക പരിശോധന നടത്തിയിരുന്നു. മേഖലയിൽ ഏകദേശം 280 ഭക്ഷ്യസ്ഥാപനങ്ങളിലായിരുന്നു പ്രത്യേക സംഘം ഒരേസമയം പരിശോധന നടത്തിയത്. ഇതിൽ 52 നിയമലംഘനങ്ങൾ കണ്ടെത്തി.
ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കൽ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിക്കൽ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.






