മുംബൈ: മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമാതാവും മുൻ സിബിഎഫ്‌സി ചെയർമാനുമായ പഹ്‌ലജ് നിഹലാനി (76) അന്തരിച്ചു. മുംബൈയിലെ സ്വവസതിയിൽ രാവിലെ 9.30-നായിരുന്നു അന്ത്യം. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് സാന്താക്രൂസിൽ സംസ്കാര ചടങ്ങുകൾ നടക്കും.
1980-കളിൽ ചലച്ചിത്ര രംഗത്ത് കടന്നുവരുകയും 1982-ൽ ‘ഹാത്കാഡി’ എന്ന ചിത്രം നിർമിക്കുകയും ചെയ്തു. ഗോവിന്ദിന്റെ ആദ്യ ചിത്രം ‘ഇൽസാം’ (1986), ചുങ്കി പാണ്ഡെയെ പരിചയപ്പെടുത്തിയ ‘ആഗ് ഹി ആഗ്’ (1987) എന്നിവയും അദ്ദേഹത്തിന്റെ നിർമ്മാണത്തിലാണ്. 1990-കളിലെ ഹിറ്റ് ചിത്രം ‘ആംഖേൻ’ അദ്ദേഹത്തെ ബോളിവുഡിലെ മുൻനിര നിർമ്മാതാവാക്കി. 2012-ൽ ഗോവിന്ദിനെ നായകനാക്കി ‘അവതാർ’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.
2015 ജനുവരിയിലാണ് നിഹലാനിയെ സിബിഎഫ്‌സി ചെയർമാനായി നിയമിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് സെൻസർഷിപ്പും കർശന നിയന്ത്രണങ്ങളും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട് 2017-ൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട് പ്രസൂൺ ജോഷിയെ നിയമിച്ചു. സിബിഎഫ്‌സിയിൽ നിന്നും പുറത്തായ ശേഷം ‘ജൂലി 2’ എന്നിവയുടെ വിതരണത്തിലൂടെ സിനിമാരംഗത്ത് സജീവനായി.
2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി നരേന്ദ്ര മോദിക്ക് പിന്തുണയായി ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ പ്രൊമോഷണൽ ഗാനവും, 2015-ൽ ‘മേരാ ദേശ് മഹാൻ’ മ്യൂസിക് വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു.






