ഒടുവിൽ ആ ധവളപത്രം വിഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. തങ്ങൾക്ക് കൈമാറി കിട്ടിയിരിക്കുന്നത് കടുത്ത ധനകാര്യ പ്രതിസന്ധിയാണെന്നാണ് ഈ ധനകാര്യസ്ഥിതി റിപ്പോർട്ടിലൂടെ യുഡിഎഫ് സർക്കാർ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കേരളത്തിന്റെ നിലവിലെ കടബാധ്യതയുടെ കണക്ക് തന്നെയാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടം 5.07 ലക്ഷം കോടിയെന്ന അതിഭീമൻ തുകയാണെന്ന വെളിപ്പെടുത്തലാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35.5 ശതമാനം വരും.
സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, കടമെടുത്ത തുകയ്ക്കുള്ള പലിശ എന്നിവ നൽകാൻ മാത്രമായി ചെലവാകുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. മറ്റ് സംസ്ഥാനങ്ങളിലെ ദേശീയ ശരാശരി 46.1 ശതമാനം ആയിരിക്കുമ്പോഴാണ് കേരളത്തിൽ ഇത് ഇത്രയും ഉയർന്ന നിരക്കിൽ നിൽക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇത്തരം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നതിനാൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ മൂലധന ചെലവ് GSDPയുടെ വെറും 1.3 ശതമാനം മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ട്രഷറി പ്രതിസന്ധിയും ഭീമൻ കുടിശ്ശികകളും
സംസ്ഥാനത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടക്കുന്ന ട്രഷറി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വരുമാനം തികയാതെ വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളെയും ഓവർഡ്രാഫ്റ്റിനെയുമാണ് സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത്. 2025ൽ മാത്രം 262 ദിവസങ്ങളിൽ കേരളം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളിലും, 84 ദിവസങ്ങളിൽ ഓവർഡ്രാഫ്റ്റിലും ആയിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ കുടിശ്ശിക ഇനത്തിൽ മാത്രം അടിയന്തരമായി നൽകാനുള്ളത് ₹48,733 കോടിയാണ്. ഇതിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ കുടിശ്ശികകളായി നൽകാനുള്ള കോടികളും ഉൾപ്പെടുന്നു. ബാങ്കുകൾക്കും കരാറുകാർക്കും ബിൽ ഡിസ്കൗണ്ടിങ് വഴി നൽകാനുള്ള കുടിശ്ശികകളും കൂട്ടിയാണിത്.
അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പണം കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ പ്രവർത്തനങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണെന്നതാണ് മറ്റൊരു ഗുരുതരമായ റിപ്പോർട്ട്. കിഫ്ബിയ്ക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത നിലവിലുണ്ട്. കൂടാതെ അംഗീകരിച്ച പല പ്രൊജക്റ്റുകൾക്കുമായി ഇനിയും ₹35,000 കോടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയ്ക്ക് മതിയായ സ്വന്തം വരുമാനമില്ലാത്തതിനാൽ അവയുടെ കടങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ കടങ്ങളായി തന്നെ കണക്കാക്കണമെന്ന സിഎജി കണ്ടെത്തലും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഒപ്പം കിഫ്ബി ഉടച്ചുവാർക്കുമെന്ന പ്രഖ്യാപനവും സതീശൻ സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടർച്ചയായ നഷ്ടമാണ് മറ്റൊരു പ്രതിസന്ധി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നു. ഇതിൽ തന്നെ കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നിവയുടെ നഷ്ടം ഭീമമാണ്. അപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം, ഇങ്ങനെ ഇപ്പോൾ തന്നെ കുഴിയുടെ വക്കിലിരിക്കുന്ന കെഎസ്ആർടിസിയെ കുഴിയിലേക്ക് തള്ളിയിടുന്ന പരിപാടിയല്ലേ ഈ സൗജന്യയാത്രയെന്നത്. അതിന് തൽക്കാൽ ഉത്തരമില്ല.
സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തിന്റെ വികസനം തടയുന്നതെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. മൊത്തം ചെലവിലെ പ്ലാൻ ഫണ്ടിന്റെ വിഹിതം 18 ശതമാനത്തിന് താഴെയായി ചുരുങ്ങി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയാണ്. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതിവിഹിതം 9.24 ശതമാനത്തിൽ നിന്നും 3.85 ശതമാനമായി കൂപ്പുകുത്തിയെന്ന് പറയുന്നു.
കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന നികുതി വിഹിതത്തിലും ഗ്രാന്റുകളിലുമുള്ള കുറവും സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചു. ജിഎസ്ടി കോമ്പൻസേഷൻ നിർത്തലാക്കിയതും, റവന്യൂ കമ്മി ഗ്രാന്റ് പൂർണമായും ഇല്ലാതായതും സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ വിടവ് സൃഷ്ടിച്ചു എന്നുള്ളത് കഴിഞ്ഞ രണ്ട് സർക്കാരുകളും ആവർത്തിച്ച് പറയുന്ന കാര്യം തന്നെയാണ്.
ഇനി മുന്നോട്ടുള്ള വഴിയെന്ത്?
ഇത്രയും പ്രശ്നങ്ങൾ പറയുമ്പോൾ അത് മറികടക്കാൻ സർക്കാർ എന്തെങ്കിലും വഴി കാണുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം. സർക്കാരിന്റെ സാമ്പത്തിക വിനിയോഗത്തിൽ കർശനമായ അച്ചടക്കം പാലിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും, വരുമാന സ്രോതസുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയും മാത്രമേ സംസ്ഥാനത്തിന് സുസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ എന്നത് വ്യക്തം.
സർക്കാർ മാത്രം വിചാരിച്ചാൽ ഇത് നടക്കില്ല. സംസ്ഥാനത്ത് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. അതോടൊപ്പം തന്നെ സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങൾ വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും വേണം. വ്യവസായ വികസനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം സംസ്ഥാനത്ത് ഒരുക്കേണ്ടതുണ്ട്. ഇതിലൂടെ പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക ചലനാത്മകത ഉറപ്പുവരുത്താനും സാധിക്കും.
കാര്യക്ഷമതയില്ലാത്തതും സംസ്ഥാന ഖജനാവിന് വർഷങ്ങളായി വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ അടിയന്തരമായി പുനർഘടന ചെയ്യണമെന്ന വ്യവസ്ഥ നല്ലതാണ്. ലാഭകരമല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനരീതി ഉടച്ചുവാർക്കുകയും, ആവശ്യമെങ്കിൽ ചിലതിന്റെ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കേണ്ടതുണ്ടെന്നും ഈ ശിപാർശകൾ വ്യക്തമാക്കുന്നു. സബ്സിഡികൾ അർഹരായവരിലേക്ക് മാത്രം നേരിട്ട് എത്തിക്കുക എന്ന നയം നടപ്പിലാക്കുക എന്നത് വളരെ പ്രധാനവും പ്രയാസമേറിയതുമാണ്.
ഇതിനെല്ലാം പുറമെ ധവളപത്രത്തെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ഗുരുതരമായൊരു ആരോപണത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ധവളപത്രം തയ്യാറാക്കുന്നതിൽ ഗുരുതര ചട്ടലംഘനം നടന്നെന്നാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തിനിന്നുള്ള കക്ഷികൾക്ക് കൈമാറിയെന്നത് അത്ര നിസാരമായൊരു ആരോപണമല്ല. ഇതിന് മുൻപ് സഭയിൽ സമർപ്പിച്ച ധവളപത്രങ്ങൾ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ വ്യക്തമാക്കുന്നുണ്ട്.
എന്തായാലും വരും ദിവസങ്ങളിൽ ഈ ധവളപത്രത്തെ ചുറ്റിപ്പറ്റി കേരള രാഷ്ട്രീയത്തിൽ ചൂട് പിടിച്ച ചർച്ചകൾ അരങ്ങേറുമെന്നുറപ്പ്.






