തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പ്രായപൂർത്തിയാകുന്നതിന് മുൻപ് ഡ്രൈവിംഗ് ലൈസൻസ് നൽകിയെന്ന വിഷയത്തിൽ നിയമോപദേശം തേടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വകുപ്പിന്റെ പരിശോധനയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഗണേഷ് കുമാറിന് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് 18 വയസ് പൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തി. ഇത്രയും പഴയ വിഷയമായതിനാലാണ് നിയമോപദേശം തേടുന്നതെന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു അറിയിച്ചു.
ലൈസൻസിലെ വിവരങ്ങൾ പ്രകാരം ഗണേഷ് കുമാറിന്റെ ജനനത്തീയതി 1966 മേയ് 25 ആണ്. എന്നാൽ ലൈസൻസ് അനുവദിച്ചത് 1984 ഫെബ്രുവരി 13നാണ്. അതിനാൽ ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസും എട്ട് മാസവും മാത്രമാണ് പ്രായമുണ്ടായിരുന്നത്. നിയമപ്രകാരം ഗിയറുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 18 വയസ് പൂർത്തിയായിരിക്കണം.
അതേസമയം, ഗണേഷ് കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന എംൽഎ എന്ന പരാമർശം മാറ്റി ആധാറിലെ പേരിലേക്ക് തിരുത്താനുള്ള നടപടിയും വകുപ്പ് ആരംഭിച്ചു. 2019-ൽ സാരഥി സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതിന് മുൻപാണ് പേരിനൊപ്പം എംൽഎ ചേർത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ നിലവിലെ ലൈസൻസിന് 2028 ജൂലൈ 10 വരെയാണ് കാലാവധി.






