കോട്ടയം : കേരളത്തിലെ ആദ്യ കോളേജ് നിലയിൽ അറിവിന്റെ അക്ഷര മുറ്റത്തു വിരിച്ച സിഎംഎസ് കോളജ് ‘എഴുത്തു’ വഴിയിൽ വേറിട്ട ഒരു ചുവടുകൂടി സ്വന്തമാക്കുന്നു. പോസ്റ്റ് ഓഫിസുകളെ പുതിയ തലമുറയ്ക്ക് മനസ്സിലാക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് ഒരുക്കുന്ന ‘ജെൻ സീ ‘പോസ്റ്റ് ഓഫിസ്സു’കളിൽ സംസ്ഥാനത്തെ ആദ്യത്തേതു സ്ഥാപിക്കുന്നതു കോട്ടയം സിഎംഎസ് കോളജിൽ.
തൊണ്ണൂറ് ശതമാനവും ഡിജിറ്റൽ സേവനങ്ങളാണു ജെൻ സീ പോസ്റ്റ് ഓഫിസിൽ ലഭിക്കുക. ക്യുആർ കോഡ് അധിഷ്ഠിത പാഴ്സൽ ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കു പുറമേ ഓൺലൈൻ സേവനങ്ങൾ മാത്രം ലഭ്യമാക്കുന്ന സ്മാർട്ട് സർവീസ് ടച്ച് പോയിന്റുകൾ, റീഡിങ് റൂം, വൈഫൈ സോൺ എന്നിവ ജെൻ സി പോസ്റ്റ് ഓഫിസിൽ ഒരുക്കുമെന്നാണു കേന്ദ്ര തപാൽ വകുപ്പിന്റെ അറിയിപ്പ്.
സി എം എസ്സ് കോളജിന്റെ പ്രധാന കവാടം കടന്നെത്തുമ്പോൾ കാണുന്ന അക്വേറിയത്തിനു സമീപത്തെ മുറിയിലാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുകയെന്നു പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പറഞ്ഞു. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ വരുന്ന എട്ടാം തിയതി 11മണിക്ക് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. പുറമേ നിന്നുള്ളവർക്ക് പോസ്റ്റ് ഓഫിസിലേക്കു നേരിട്ടു പ്രവേശിക്കുന്നതിനു പ്രധാന കവാടത്തിൽനിന്ന് അൽപം മാറി വഴി ഉണ്ടാകും.






